നിനക്ക് ❤️
#നിനക്ക്....... ❣️
വിരസമായ വൈകുന്നേരങ്ങളിൽ തനിച്ചു നിന്നപ്പോഴെല്ലാം നിന്റെ പിൻവിളിക്കായി ഞാൻ കാതോർത്തിട്ടുണ്ട്... കുസൃതി മായാത്ത ആ കണ്ണിമകൾക്ക് കവിതയുടെ ലഹരിയാണെന്ന് നിന്നോട് നിശബ്ദമായി പറയാൻ വെമ്പലായിരുന്നു.. നിന്നോടൊപ്പം നടന്ന ഇടനാഴികൾ അവസാനിക്കരുതേ എന്ന് വെറുതെ എങ്കിലും മോഹിച്ചിട്ടുണ്ട്.. കാണുന്നവർക്കു ഒക്കെ നീ നൽകുന്ന ആ ഊഷ്മളമായ സ്നേഹം കാണുമ്പോൾ അതിന്റെ പങ്കു പറ്റുന്നതിൽ ഉള്ളു കൊണ്ട് അഹങ്കരിച്ചിട്ടുണ്ട്...
എങ്കിലും പച്ച ഞരമ്പ് തെളിയുന്ന
നിന്റെ ആ നീണ്ട വിരലുകളോട് തന്നെയായിരുന്നു എനിക്ക് ഏറ്റവും പ്രിയം.. നീ കാപ്പി പകരുമ്പോൾ ആ ചില്ലു ഗ്ലാസിൽ മുല്ല വള്ളി പോലെ പടർന്നു ചേർന്നിരിക്കുന്ന നിന്റെ ആ വിരലുകളെ മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ..... തിരക്കുള്ള റോഡുകൾ മുറിച്ചു കടക്കുമ്പോൾ... ആൾകൂട്ടം നിറഞ്ഞ വീഥികളിൽ ഒക്കെ നീ ആ വിരലുകൾ കരുതലോടെ എനിക്ക് നേരെ നീട്ടുമ്പോൾ ഒക്കെ ഞാൻ പുഞ്ചിരിച്ചിട്ടുണ്ട്. ഒരുപക്ഷെ നീ പോലും അറിയാതെ.......
നാഴികളോളം നീളുന്ന എന്റെ മൗനത്തെ എനിക്കൊപ്പമിരുന്ന് കാതോർക്കാൻ നിനക്ക് എങ്ങനെയാണ് കഴിയുന്നത് എന്ന് എനിക്കിന്നും അതിശയമാണ്. ആവേശം വറ്റാതെ നാം കണ്ടു തീർത്ത ചലച്ചിത്രങ്ങൾ.. എനിക്കൊപ്പം ആവർത്തിച്ച് കേട്ടു പഴകിയ പാട്ടുകൾ..പറഞ്ഞു പഴകിയ ഒരു കെട്ടു കടങ്കഥകൾ...ബോധം കെട്ടു പുലമ്പിയ ഭ്രാന്തുകൾ.. ഒരു പാത്രത്തിൽ നിന്നു മാത്രം പങ്കിട്ടു കഴിച്ച ഭക്ഷണങ്ങൾ...തല്ലിലവസാനിപ്പിക്കുന്ന നമ്മുടെ പഠനവേളകൾ... നമ്മുടേതായ ആർഭാടമില്ലാത്ത ആഘോഷങ്ങൾ....സ്നേഹം കൊണ്ട് പൊതിഞ്ഞു നൽകപ്പെട്ട സമ്മാനപൊതികൾ... ഒരിത്തിരി വട്ടത്തിലെ യാത്രകൾ.. തർക്കങ്ങൾ.. പരിഭവങ്ങൾ.. പിണക്കങ്ങൾ...അഭിനയിച്ചു ഫലിപ്പിച്ച ദേഷ്യങ്ങൾ.. നിന്റെ ആ വിരലുകൾ എന്റെ കാൽപാദത്തിൽ തൊടുവിപ്പിച്ച വാശികൾ... ഓർമ്മകൾ എല്ലാം മനസിന്റെ തട്ടിൻപുറത്ത് മാറാല കയറി തുടങ്ങിയിരിക്കുന്നു.. എന്റെ വിജയങ്ങൾ കാണാൻ നിറഞ്ഞ മനസുമായി സദസിന്റെ പിൻസീറ്റിൽ നീ എല്ലായ്പോഴും ഉണ്ടാകുമായിരുന്നു... മുറിവേറ്റു കരഞ്ഞു വാടിയ ദിനങ്ങളിലൊക്കെയും കൂടെ ഇരുന്നു ആശ്വസിപ്പിക്കാൻ ഏതു തിരക്കിനിടയിലും നീ എത്തിയിരുന്നു.... എന്റെ ഭ്രാന്തൻ ചിന്തകൾ ഒക്കെ കേട്ടു ആ വട്ടുകൾകൊക്കെ കൂടെ കൂടുമായിരുന്നു...
നീ തന്ന സമ്മാനങ്ങളിൽ ഏറ്റവും പ്രിയം എന്നും ആ പതിവ് പുളിമിഠായിയോട് തന്നെയാണ്... രസമെല്ലാം വറ്റി അവസാനം നാവു മുറിക്കുന്ന പുളിമിട്ടായി.. രസമെല്ലാം വറ്റി..... മുറിവ് മാത്രം വീണ്ടും അവശേഷിക്കുന്നു......
മരണത്തിൽ.. ഒരു പിടി മണ്ണിടാൻ..ശവകല്ലറയ്ക്കു ചുറ്റും ഉള്ളി പൂക്കൾ വച്ചു പിടിപ്പിക്കാൻ വരുന്ന നാളിൽ മാത്രമിനി കണ്ടു മുട്ടാമെന്ന് പറഞ്ഞു നീ നടന്നകന്നപ്പോഴും പിടഞ്ഞു വന്ന ഒരു പിൻവിളി മൗനത്തിന്റെ ചതുപ്പിൽ താഴ്ന്ന് ഇപ്പോഴും വിതുമ്പുന്നുണ്ട്... 🌊
#സ്വാതിവിജയൻ🍂
Comments
Post a Comment