ജീവന്റെ ശൂന്യത 🖤

#ജീവന്റെ ശൂന്യത 🖤🍂
                   ഇന്നലെ വരെ  നമുക്ക് ഒപ്പം ഉണ്ടായിരിക്കുകയും നമ്മുടെ കൺമുന്നിലും സമീപത്തുമൊക്കെ നമ്മുടെ ആനന്ദത്തിനും പുഞ്ചിരിക്കും ഹേതുവായി നിലനിന്ന ഒരു ജീവൻ ഒരു പുലർച്ചെ അപ്രതീക്ഷിതമായി  ഇല്ലാതായാലും എത്ര ലാഘവത്തോടെയാണ് ഓരോ ദിനവും കഴിഞ്ഞ് പോകുക എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. 
            വീട്ടിലെ പൂച്ചകുഞ്ഞു ഗർഭിണി ആണെന്ന് അമ്മുമ്മ പറഞ്ഞപ്പോൾ മനസ്സിൽ നുരഞ്ഞു പൊന്തിയ ആഹ്ലാദത്തിനു അതിരില്ലായിരുന്നു. അടുക്കളയിൽ നിന്ന് മുറ്റത്തേക്കു അതിന്റെ കുഞ്ഞു വയറു വീർത്തൊ എന്നറിയാൻ അപ്പോൾ തന്നെ ഓടിപോയി നോക്കി. വീർത്ത വയറും കൊണ്ട് അതു മതിലിന്മേലും മരത്തിലും ചാടി കയറുമ്പോൾ നെഞ്ചിനകത്ത് ഒരു പിടച്ചിലായിരുന്നു. ഗർഭിണി ആണെന്ന ബോധം ഉണ്ടോന്ന് പല വട്ടം ആരോടെന്നില്ലാതെ ശകാരിക്കുമായിരുന്നു.. ചോറും മീനും ഒക്കെ മറ്റുള്ള പൂച്ചകൾക്ക് നൽകുന്നതിനേക്കാൾ അളവിൽ  കൂടുതൽ നൽകി, (ഗർഭിണിക്ക് നൽകുന്ന പരിഗണന. ) എത്ര കുഞ്ഞുങ്ങൾ ഉണ്ടാകുമെന്നും അവയ്ക്കു എന്ത് പേര് നൽകണം എന്ന് പോലും ചിന്തിച്ചു ചിട്ടപ്പെടുത്തി കാത്തിരുന്നു... 
                   കുറച്ചു ദിവസം കാണാതിരിക്കുകയും ഒഴിഞ്ഞ വയറുമായി ഒരു പകൽ വീണ്ടും വീട്ടിൽ കയറി വരുകയും ചെയ്തപ്പോൾ കുഞ്ഞുങ്ങൾ എവിടെ എന്ന് അക്ഷമയായി അതിനോട് ഞാൻ  ചോദിച്ചു കൊണ്ടേ ഇരിന്നു.. അവരെ എന്റെ മുന്നിൽ കൊണ്ട് വരാത്തതിൽ മനസ് കൊണ്ട് പരിഭവിച്ചു.
                ദിവസങ്ങൾക്കിപ്പുറം  ഉച്ചവെയിൽ മങ്ങി തുടങ്ങിയ ഒരു ദിവസം  അപരിചിതമായ ഒരു  കരച്ചിൽ കേട്ടു പുറത്ത് വന്നു നോക്കിയപ്പോൾ  തൂവെള്ള നിറത്തിലും ചാരനിറത്തിലും രണ്ടു സുന്ദരി കുഞ്ഞുങ്ങളോടെ ഒരു അമ്മയുടെ തലയെടുപ്പോടെ അതു വീണ്ടും മുന്നിൽ വന്നു നിന്നു. പിന്നെ മടങ്ങി പോയിട്ടേ ഇല്ല.. അന്ന് വരെ കൂട്ടത്തിലെ ഏറ്റവും ചെറിയ  കുഞ്ഞായിരുന്ന പൂച്ച ഇപ്പോൾ അമ്മയായപ്പോൾ കൈകൊണ്ട ഗൗരവം കണ്ടു എനിക്ക് ചിരി വന്നു. മാതുവും ചാരുവും... പേരിടലും അപ്പൊ തന്നെ നടത്തി.... ചായ്പ്പിലും മുറ്റത്തും അമ്മയും രണ്ടു കുസൃതി കുഞ്ഞുങ്ങളും സ്വൈര്യമായി വിഹരിച്ചു. 
                      കുറുമ്പ് കാട്ടുന്ന കുഞ്ഞുങ്ങളെ ഒന്നു തൊടാൻ പിന്നാലെ ഓടി...അവരുടെ കുസൃതി ക്യാമറയിൽ പകർത്താൻ ഒളിച്ചും പാത്തും അവയ്ക്കു പിന്നാലെ നടന്നു.. ഭക്ഷണം നൽകി അവർ കഴിച്ചു തീരും വരെ മറ്റൊരു ജീവിയും അതു തട്ടിപറിക്കാതെ കാവലിരുന്നു.. അവർ പാലു കുടിക്കുമ്പോഴും അവരുടെ അമ്മയെ തൊട്ടുഉരുമുമ്പൊഴും ഞാൻ എന്റെ അമ്മയോട് കൂടുതൽ ചേർന്നിരുന്നു .. അതു അതിന്റെ കുഞ്ഞുങ്ങളെ വാത്സല്യപൂർവം നക്കുമ്പോൾ എന്നെയും കെട്ടിപിടിച്ചു നെറുകയിൽ തലോടാൻ അമ്മയോട് ഞാൻ വാശി പിടിച്ചു.. 
                എന്റെ പ്രിയപ്പെട്ടവർ  വിളിക്കുമ്പോഴൊക്കെ എന്റെ പൂച്ച കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ പങ്ക് വയ്ക്കാൻ  എനിക്ക് നൂറു നാവായിരുന്നു. അവരെ കാണുമ്പോൾ ജീവിതത്തിനു കൂടുതൽ സൗന്ദര്യം തോന്നി തുടങ്ങി.. 
                 ഒരു  നശിച്ച രാത്രി ഉറക്കച്ചടവിൽ  പട്ടിയുടെ കുരയും പൂച്ച കുഞ്ഞിന്റെ നിലവിളിയും കേട്ടുണർന്നു .. പിറ്റേന്ന് പുലർച്ചെ അമ്മപൂച്ച കുഞ്ഞുങ്ങളെ തേടി കരഞ്ഞു കൊണ്ട് നാലുപാടും അലയുകയായിരുന്നു  . പട്ടി കടിച്ചു കൊന്ന ചാരുവിനെ അച്ചൻ കുഴിച്ചിട്ടു എന്നറിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു.. ഏറ്റവും പ്രിയപ്പെട്ടൊരാൾ മരിച്ച പോലെ മനസ് പിടഞ്ഞു.. 
                  മരിച്ച പൂച്ച കുഞ്ഞിനെ പറ്റിയല്ല.. ഇത്രയും നാൾ കാത്തു സൂക്ഷിച്ച...തലോടിയും പാലൂട്ടിയും മതിവരാത്ത..  കുഞ്ഞിനെ എന്നന്നേക്കുമായി നഷ്ടപെട്ട  അമ്മയെ കുറിച്ചായിരുന്നു എന്റെ വേദന മുഴുവൻ. ഇന്നു ഉച്ചയ്ക്കും കണിക്കൊന്നയുടെ തണലിൽ അമ്മ പൂച്ച കിടക്കുകയും ഒരു കുഞ്ഞു മാത്രം അതിന്റെ മുലകുടിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ വലിയൊരു ശൂന്യത തോന്നി. ഒരു ജീവന്റെ ശൂന്യത... മനസ് എവിടെയൊക്കെയോ നോവുന്നുണ്ടായിരുന്നു.. ഇപ്പോഴും... 
#സ്വാതിവിജയൻ 🦋

Comments

Popular posts from this blog

നൂറു സിംഹാസനങ്ങൾ 🍁

അധ്യാപന പരിശീലനം (7/2/23- 14/2/23)