മൗനം 🤐

#മൗനം 🤐
സ്വതേ അന്തർമുഖയായവൾക്ക് മൗനം ഒരു അലങ്കാരമല്ല മറിച്ചു ആശ്രയമാണ്.. ഏറെ കുറെ ലോകത്തോട് സംവദിക്കാനുള്ള മാർഗമാണ്...സ്വയം കണ്ടെത്തുന്ന ധ്യാനമാണ്...... 
                          വലിയ പൊട്ടിച്ചിരികളും തമാശകളും നിറയുന്ന ഇടങ്ങളിൽ ,  ശബ്ദകോലാഹലങ്ങൾക്ക് ഇടയിൽ കൂട്ടത്തിൽ ചേരാൻ പറ്റാതെ ഒറ്റപ്പെടലിന്റെ നോവ് തോന്നുമ്പോഴൊക്കെ ചെന്നു ചേക്കാറാനുള്ള അഭയമാണ് മൗനം.. 
കൂടെ ഉള്ളവരുടെ മനസ് പിടയുമ്പോൾ ഒരു കരസ്പർശം കൊണ്ട്... ഒരു ചേർത്തു പിടിക്കൽ കൊണ്ട് നൽകാൻ കഴിയുന്ന ആശ്വാസത്തിന് ഏതു വാക്കുകളാണ് പകരം വയ്ക്കാൻ കഴിയുക.. 
              പറഞ്ഞു ചിതറിപോകുമെന്ന്  ഭയക്കുന്ന ഏതു വാക്കുകളിലാണ് എന്റെ പ്രണയം നിനക്ക് പകർന്നു നൽകുക. എത്ര നിലവിളികളാണ് ദീർഘമായൊരു നിശ്വാസത്തിൽ ശാന്തമാകുക. എത്ര വിലാപങ്ങളാണ് നിശ്ശബ്ദമായ ഒരു  പ്രാർത്ഥനയിൽ അമരുക... പറഞ്ഞാൽ തീരുമെന്ന് കരുതുന്ന എത്ര വികാരങ്ങൾ.. വിചാരങ്ങൾക്ക്  ആണ് മൗനത്തിന്റെ ഉള്ളറകളിൽ ഇന്നും ജീവിച്ചിരിക്കാൻ സാധിക്കുന്നത്. 
                    പൊയ് വാക്കുകൾക്കും പൊങ്ങച്ചങ്ങൾക്കും പ്രഹസനം കാഴ്ച വയ്ക്കുന്ന  പ്രസംഗവീരൻമാർക്കും 'കമന്റ്‌ തൊഴിലാളികൾക്കും'  പഞ്ഞം വരാത്ത വാക്കുകൾ... ചില നേരങ്ങളിൽ അല്ല പലനേരങ്ങളിലും കുശലാന്വേഷണങ്ങൾക്കപ്പുറം നമ്മിൽ വറ്റി വരണ്ട് പോകുന്നതിന്റെ കാരണവും അജ്ഞാതമാണ്. 
                   വാക്കുകൾ അപ്രസക്തമാകുന്ന ജീവിതത്തിന്റെ സ്വൈര്യമായ ആനന്ദം നിലയ്ക്കുന്നത് നമ്മുടെ നിശ്ശബ്ദത നമ്മുടെ ചുറ്റുമുള്ളവർക് കേൾക്കാൻ കഴിയാതാകുമ്പോൾ മാത്രമാണ്.. നമ്മുടെ മൗനത്തിന് കേൾവിക്കാർ ഇല്ലാതാകുമ്പോഴാണ്. നിശ്ശബ്ദത ശൂന്യമല്ല... അതിൽ നിറയെ വാക്കുകൾക്കതീതമായ നാം തന്നെയാണ്..മൗനമായ ഒരു പുഞ്ചിരിയിൽ സ്വയം കണ്ടെത്തിയ ജീവിത വീക്ഷണത്തിന്റെ അർത്ഥമാണ് വിരിയുന്നത്... 
#സ്വാതിവിജയൻ🍀

Comments

Popular posts from this blog

നൂറു സിംഹാസനങ്ങൾ 🍁

അധ്യാപന പരിശീലനം (7/2/23- 14/2/23)